This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെമിക്കല്‍ യുദ്ധതന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെമിക്കല്‍ യുദ്ധതന്ത്രം

Chemical Warfare

രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള യുദ്ധമുറ. മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഉന്മൂലനമോ അടിച്ചമര്‍ത്തലോ രോഗാവസ്ഥയോ ലക്ഷ്യമാക്കിക്കൊണ്ടാണ് രാസവസ്തുക്കള്‍ പ്രയോഗിക്കപ്പെടുന്നത്. രാസവസ്തുക്കളുടെ സ്ഥാനത്ത് ആയുധമായി രോഗകാരികളായ സൂക്ഷ്മ ജീവികളെ ഉപയോഗിക്കുമ്പോള്‍, അവ 'ജൈവായുധങ്ങള്‍'(Biological weapons) എന്ന പേരില്‍ അറിയപ്പെടുന്നു. എന്നാല്‍ ബാക്റ്റീരിയകള്‍, ഫംഗസുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ഥങ്ങളെ (Toxins) യാണ് ആയുധരൂപത്തില്‍ ഉപയോഗിക്കുന്നതെങ്കില്‍, അവയെ ഒരേ സമയം രാസായുധങ്ങളായും ജൈവായുധങ്ങളായും കണക്കാക്കേണ്ടിവരും. ഇക്കാരണത്താല്‍, മധ്യപ്രകൃത ആയുധങ്ങള്‍ (Mid spectrum agents) എന്ന വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആണവായുധങ്ങള്‍ ഉള്‍പ്പെട്ട വ്യാപകനാശം വരുത്തുന്ന ആയുധങ്ങള്‍ (Weapons of mass destruction) എന്ന വിഭാഗത്തിലാണ് രാസായുധങ്ങളെയും ജൈവായുധങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതില്‍ നിന്നുതന്നെ ഇവയുടെ 'പ്രഹരശേഷി' എത്രയെന്ന് അനുമാനിക്കാവുന്നതാണ്.

ചരിത്രം. രാസയുദ്ധരീതികള്‍ക്കു 2000 വര്‍ഷത്തെ ചരിത്രമുണ്ട്. ശത്രുസൈന്യങ്ങളെ മാളങ്ങളില്‍നിന്നു പായിക്കാന്‍ സ്പാര്‍ട്ടാക്കാര്‍ സള്‍ഫര്‍ കത്തിച്ച് അതിന്റെ പുക ഉപയോഗപ്പെടുത്തിയിരുന്നു. ശത്രുസൈന്യം വെള്ളം കുടിക്കുന്ന ജലാശയത്തില്‍ അഥീനിയന്‍ ഭരണാധികാരികള്‍ അത്യന്തം വിഷകരമായ 'ഹെല്ലബോര്‍' ചെടിയുടെ വേരുകള്‍ നിക്ഷേപിച്ചുവെന്നും ഈ വെള്ളം കുടിച്ച ശത്രുസൈന്യത്തിനു വയറിളക്കം പിടിച്ച് അവര്‍ യുദ്ധത്തില്‍ പരാജിതരായി പിന്‍വാങ്ങിയെന്നുമുള്ളതിനു രേഖകളുണ്ട്. പണ്ടുകാലത്ത് യുദ്ധത്തില്‍ വിഷം പുരട്ടിയ അമ്പുകളും ഉപയോഗിച്ചിരുന്നു. ചില പ്രാകൃതവര്‍ഗക്കാര്‍ ഇന്നും ഇതേ രീതിയില്‍ അമ്പ് ഉപയോഗിച്ചു യുദ്ധം ചെയ്തുവരുന്നുണ്ട്.

രസതന്ത്രവും സാങ്കേതികശാസ്ത്രവും വികസിച്ചതോടെ യുദ്ധാവശ്യത്തിനുള്ള രാസപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന വിദ്യയും മുന്നേറി. 19-ാം ശതകത്തിന്റെ അവസാനത്തോടെ കെമിക്കല്‍ വാര്‍ഫെയര്‍ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റി. രാഷ്ട്രങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വിഷയുദ്ധത്തില്‍ ഏര്‍പ്പെട്ടുതുടങ്ങി. ഈ പശ്ചാത്തലത്തിലാണ് 1899-ല്‍ ഹേഗില്‍ ചേര്‍ന്ന അന്തര്‍ദേശീയ സമാധാനസമ്മേളനം യുദ്ധത്തില്‍ വിഷവാതകങ്ങള്‍ ഉപയോഗിക്കുന്നതിനെ വിലക്കുന്ന പ്രമേയം പാസാക്കിയത്. ഈ പ്രമേയം അംഗീകരിച്ചതിനുശേഷവും ലോകത്തിന്റെ പല ഭാഗങ്ങളിലും രാസയുദ്ധമുറ അരങ്ങേറുകയുണ്ടായി. 1914-ല്‍ നടന്ന ജര്‍മന്‍-ഫ്രാന്‍സ് യുദ്ധത്തില്‍ രണ്ടുകൂട്ടരും ടിയര്‍ഗ്യാസ് ഗ്രനേഡുകളും ടിയര്‍ഗ്യാസ് ആര്‍ട്ടിലറി ഷെല്ലുകളും പ്രയോഗിക്കുകയുണ്ടായി. 1915 ഏ. 22-ന് ജര്‍മനി ഫ്രഞ്ചു മേഖലയിലുള്ള യപ്രസില്‍ (Ypress) ക്ലോറിന്‍, മസ്റ്റാര്‍ഡ്, ഫോസ്ജിന്‍ തുടങ്ങിയ വാതകങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ 5000 സൈനികര്‍ മരിക്കുകയും പതിനായിരത്തില്‍പ്പരം പേര്‍ രോഗികളാകുകയും ചെയ്തു. 1936-ല്‍ ഇറ്റലി അബിസീനിയയ്ക്കെതിരായും 1937-ലും 1943-ലും ജപ്പാന്‍ ചൈനയ്ക്കെതിരായും വിഷവാതകങ്ങള്‍ പ്രയോഗിക്കുകയുണ്ടായി.

രണ്ടാംലോകയുദ്ധകാലമായപ്പോഴേക്കും ടാബുണ്‍, സരിന്‍ തുടങ്ങിയ നാഡീക്ഷതവാതകങ്ങള്‍ ജര്‍മനി തയ്യാറാക്കിക്കഴിഞ്ഞിരുന്നു. എന്നാല്‍ ജര്‍മനി ഇവ കാര്യമായി പ്രയോഗിക്കാന്‍ ശ്രമിച്ചതിനു തെളിവുകളില്ല. 1963-ല്‍ യമനിലെ യുദ്ധത്തിലും പില്ക്കാലത്ത് ഇന്തോചൈന യുദ്ധത്തിലുമാണ് രാസയുദ്ധം അതീവ ക്ഷോഭകരമായി പ്രയോഗിച്ചിട്ടുള്ളതെന്നു പറയാം.

രാസയുദ്ധമുറകള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടി വന്‍കിട വികസിതരാഷ്ട്രങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ആഹ്വാനങ്ങള്‍ മുഴക്കിയെങ്കിലും അവര്‍തന്നെ ശക്തമായ വിഷപദാര്‍ഥങ്ങള്‍ സൃഷ്ടിക്കാനും, രാജ്യങ്ങളെ വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളില്‍ അവയെ ഫലപ്രദമായി ഉപയോഗിക്കാനും തുടങ്ങി. ഗറില്ലാ യുദ്ധമുറ, അണ്വായുധ യുദ്ധമുറ സൃഷ്ടിച്ചിട്ടുള്ള ഭീകരത തുടങ്ങിയവ ഈ തരത്തിലുള്ള പുതിയ യുദ്ധമുറ വികസിപ്പിക്കുന്നതിനു കൂടുതല്‍ പ്രചോദനം നല്‍കുകയും ചെയ്തു. പട്ടാളക്കാരെക്കാള്‍ കൂടുതല്‍ സിവിലിയന്മാരെയാണു ബാധിക്കുന്നതെന്നാണു രാസയുദ്ധമുറയ്ക്കുള്ള പ്രധാന ദോഷം. പരിസ്ഥിതിയില്‍ അവ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ മറ്റൊരു ദോഷമാണ്.

ലോകയുദ്ധങ്ങളില്‍ പ്രയോഗിച്ച രാസായുധങ്ങള്‍. ഒന്നാം ലോക യുദ്ധത്തില്‍ ഉപയോഗിച്ച രാസായുധങ്ങളുടെ മൊത്തം അളവ് ഏതാണ്ട് 1,24,000 ടണ്‍ ആയാണ് കണക്കാക്കപ്പെടുന്നത്. സാങ്കേതികമായി അത്ര പരിഷ്കരണം അവകാശപ്പെടാനാവാത്ത ആയുധങ്ങളായിരുന്നു ഒന്നാംലോകയുദ്ധത്തിലെ രാസായുധങ്ങളധികവും. വ്യവസായിക വിപ്ലവത്തിന്റെ ഒരു ഉപോത്പന്നമായിരുന്നു അന്നത്തെ ആയുധപ്പുരകള്‍. വ്യവസായികമായി വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെട്ട രാസവസ്തുക്കളില്‍ നിന്നും ഏറ്റവും മാരകമായവ തിരഞ്ഞെടുത്തുപയോഗിക്കുകയായിരുന്നു. ഇക്കാരണത്താല്‍ ഇവ "ഒന്നാം തലമുറ രാസായുധങ്ങള്‍ (First generation chemical weapons) എന്നാണ് അറിയപ്പെടുന്നത്. ആദ്യത്തെ ലക്ഷണയുക്തമായ രാസായുധമെന്നനിലയില്‍ വേയ്പ്രസില്‍ ജര്‍മന്‍ സൈന്യം ക്ലോറിന്‍ വാതകം ഇപയോഗിക്കുന്നതിന്റെ സൂത്രധാരനായത് ഫ്രിറ്റ്സ് ഹേബറായിരുന്നു. രാസയുദ്ധത്തിന്റെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സൈലൈല്‍ ബ്രോമൈഡ്, ഫോസ്ജീന്‍, ഡൈഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, സയനേജന്‍ ക്ളോറൈഡ് എന്നിവ ഒന്നാം ലോക യുദ്ധത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട രാസായുധങ്ങളില്‍ ചിലതാണ്.


വിഷവാതകത്തില്‍ നിന്നും രക്ഷനേടാന്‍ പ്രതിരോധം തീര്‍ക്കുന്ന സൈനികര്‍ (1918)

ഒന്നാംലോക യുദ്ധത്തിലെ രാസായുധ ക്രൂരതകള്‍ക്കെതിരെയുള്ള ആദ്യപ്രതികരണമായിരുന്നു 'ജനീവാ ഉടമ്പടി' (Geneva protocol). 1925-ല്‍ നിലവില്‍ വരികയും, പതിനാറു രാജ്യങ്ങള്‍ ഒപ്പു വയ്ക്കുകയും ചെയ്ത ഈ ഉടമ്പടി, യുദ്ധത്തില്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെ വിലക്കി. അമേരിക്ക ഇതില്‍ ഒപ്പു വയ്ക്കാന്‍ തയ്യാറായില്ല. അതിനിടെ സോവിയറ്റ് യൂണിയനുമായിച്ചേര്‍ന്ന് ജര്‍മനി തങ്ങളുടെ രാസായുധ ഗവേഷണങ്ങള്‍ പുനഃരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ജെര്‍ഹാര്‍ഡ് ഷ്റാഡെര്‍ (Gerhard Schrader) എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം, 1937-39 കാലയളവില്‍ത്തന്നെ 'ടാബുള്‍' (Tabul), 'സാറിന്‍' (Sarin) എന്നീ നെര്‍വ് ഏജന്റുകള്‍ നിര്‍മിച്ചിരുന്നു. ഇവയുമായാണ് ജര്‍മനി രണ്ടാം ലോകയുദ്ധത്തിലേക്ക് കടന്നത്. എന്നാല്‍ രണ്ടാംലോകയുദ്ധകാലത്ത് ആദ്യമായി രാസായുധം പ്രയോഗിച്ചത് ജപ്പാന്‍ സൈന്യമായിരുന്നു. 'മസ്റ്റാര്‍ഡ്' വാതകവും പുതുതായി വികസിപ്പിച്ചെടുത്ത 'ലെവിസൈറ്റ്' (Lewisite) എന്ന 'ബ്ലിസ്റ്റര്‍ ഏജന്റും' ഉപയോഗിച്ചുള്ള ജപ്പാന്റെ ആക്രമണം ചൈനയ്ക്കെതിരെയായിരുന്നു. ഇതോടൊപ്പം, തടവുകാരായി പിടിച്ച സൈനികരില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചുള്ള മനുഷ്യത്വരഹിതമായ പരീക്ഷണങ്ങള്‍ക്കും ജപ്പാന്‍ തയ്യാറായി. 1944-ല്‍ 'സൊമാന്‍' (Soman) എന്ന രാസായുധം വന്‍തോതില്‍ നിര്‍മിക്കാനാരംഭിച്ച ജര്‍മനി പക്ഷേ, സഖ്യകക്ഷികള്‍ക്കുനേരെ അത് പ്രയോഗിക്കാന്‍ മടിച്ചു. അതിലും ഭീകരമായവ എതിരാളികളുടെ കൈവശമുണ്ടെന്നും അവര്‍ അത് പ്രയോഗിക്കുമെന്നുമുള്ള ഭയമായിരുന്നു ഇതിനുകാരണം.

വര്‍ഗീകരണം. രാസായുധങ്ങളെയും അവയ്ക്ക് അടിസ്ഥാനമാവുന്ന രാസവസ്തുക്കളെയും സംബന്ധിച്ച് പലതരത്തിലുള്ള വര്‍ഗീകരണങ്ങള്‍ നിലവിലുണ്ട്. എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കി, രാസായുധ ഉടമ്പടിയില്‍ അവയെ (ഷെഡ്യൂള്‍ 1,2,3 എന്നിവയില്‍) വിഭജിച്ചിട്ടുണ്ട്. ഏകദേശം എഴുപതോളം രാസവസ്തുക്കള്‍ രാസായുധങ്ങളെന്ന നിലയില്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്. ഖരാവസ്ഥയിലും ദ്രാവകാവസ്ഥയിലും വാതകാവസ്ഥയിലുമുള്ളവ ഇവയിലുള്‍പ്പെടുന്നു. പ്രയോഗിക്കപ്പെട്ടതിനു ശേഷം അപകടകരമായ അവസ്ഥയില്‍ അന്തരീക്ഷത്തില്‍ എത്രനേരം നിലനില്‍ക്കും എന്നതിനെ അടിസ്ഥാനമാക്കി ഇവയെ 'സ്ഥായിയായവ' (Persistent), 'സ്ഥായിയല്ലാത്തവ' (Non persistent) എന്നിങ്ങനെയും വേര്‍തിരിച്ചിട്ടുണ്ട്. ആക്രമണത്തിന് വിധേയരാവുന്ന ജീവികളില്‍ രാസ ജൈവായുധങ്ങള്‍ കാരണമുണ്ടാവുന്ന ഫലത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അടുത്ത വര്‍ഗീകരണം. 'മരണകാരണമാവുന്നത്' (Lethal), 'മരണകാരണമാവാത്തത്' (Non Lethal), 'നിശ്ചേഷ്ടമാക്കുന്നത്' (Incapacitants) എന്നിങ്ങനെ പ്രയോഗത്തിന്റെ പൊതുഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വര്‍ഗീകരണം. എന്നാല്‍, പ്രയോഗംമൂലമുണ്ടാവുന്ന സൂക്ഷ്മപ്രതികരണങ്ങളെ മാനദണ്ഡമാക്കുന്നതാണ് സാധാരണമായ വര്‍ഗീകരണം.

1. ചോക്കിങ് ഏജന്റ് (Choking Agent): ശ്വസനവ്യവസ്ഥയെ തകരാറിലാക്കുന്ന രാസായുധങ്ങളാണിവ. ശ്വാസം മുട്ടലിന് കാരണമാവുന്നതിനാല്‍ അസ്ഫിക്സിയന്റ്സ് (Asphyxiants)എന്നും ഇവ അറിയപ്പെടുന്നു. ക്ലോറിന്‍, ഫോസ്ജീന്‍ (Physgene), ഡൈഫോസ്ജീന്‍ (Diophosgene) എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് ഉദാഹരണമാണ്.

2. ബ്ലിസ്റ്റര്‍ ഏജന്റ് (Blister Agent): കണ്ണ്, ശ്വാസകോശം, ചര്‍മം എന്നിവയില്‍ ഗുരുതരമായ പൊള്ളലേല്പിക്കാന്‍ കാരണമാവുന്നവയാണ് ബ്ലിസ്റ്റര്‍ ഏജന്റുകള്‍. വെസിക്കന്റുകള്‍ (Vecicants) എന്നും ഇവ അറിയപ്പെടുന്നു. സാധാരണയായി ഇവ മരണകാരണമാവാറില്ലെങ്കിലും അമിതമായ പ്രയോഗത്തിന് വിധേയരാകുന്നവര്‍ മരണപ്പെടാന്‍ സാധ്യതയുണ്ട്. 'മസ്റ്റാര്‍ഡ് ഏജന്റ്' (Mustard Agent), 'നൈട്രജന്‍ മസ്റ്റാര്‍ഡുകള്‍' (Nitrogen mustards) എന്നിവ ഇതിന് ഉദാഹരണമാണ്.

3. നെര്‍വ് ഏജന്റ് (Nerve Agent). നാഡീവ്യവസ്ഥയെ ബാധിക്കുന്നതിലൂടെ പേശികളുടെ പ്രവര്‍ത്തനം അനിയന്ത്രിതമാക്കുന്ന രാസായുധങ്ങളാണിവ. ഹൃദയസ്തംഭനമോ, ശ്വാസതടസ്സമോ ഇവകാരണമുണ്ടാവാം. ഉദാ. ടാബുന്‍ (Tabun), സാറിന്‍ (Sarin), സൈക്ലോസാറിന്‍ (Cyclosarin), സൊമാന്‍ (Soman) തുടങ്ങിയവ.

4. ഇറിറ്റന്റ്ഏജന്റ് (Irritant Agent). മൂക്കിനും തൊണ്ടയ്ക്കും അസ്വാസ്ഥ്യാമുണ്ടാകുന്നതിലൂടെ തുമ്മല്‍, ഛര്‍ദി എന്നിവയ്ക്ക് കാരണമാകുന്നവയാണ് ഇവ. കണ്ണുനീരിനു കാരണമാവുന്ന ലാക്രിമേറ്ററുകളെ (Lacrimators)യും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഡംസൈറ്റ് (Adamsite), സൈലൈല്‍ ബ്രോമൈഡ് (Xylyl Bromide) എന്നിവ മറ്റുദാഹരണങ്ങളാകുന്നു.

5. സൈക്കോ കെമിക്കല്‍ ഏജന്റ് (Psyco chemical Agent ). എതിരാളികളുടെ മാനസിക നില തകരാറിലാക്കാനോ വിഭ്രമാത്മകമായ അവസ്ഥയിലെത്തിക്കാനോ സ്വാസ്ഥ്യം നശിപ്പിക്കാനോ ഉപയോഗിക്കുന്ന രാസ വസ്തുക്കളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. LSD എന്ന 'ലൈസെര്‍ജിക് ആസിഡ്, ഡൈഈതെല്‍ അമൈഡ്' 'ഫെന്‍സൈക്ലിഡിന്‍' എന്നിവ ഉദാഹരണം.

6. ഡീഫോളിയേറ്റിങ് ഏജന്റ് (Defoliating Agent). ചെടികളുടെയും മരങ്ങളുടെയും ഇലകൊഴിക്കാന്‍ സഹായിക്കുന്ന രാസവസ്തുക്കളാണ് ഈ പേരില്‍ അറിയപ്പെടുന്നത്. അമേരിക്ക വിയറ്റ്നാം യുദ്ധത്തില്‍ ഉപയോഗിച്ച 'ഏജന്റ് ഓറഞ്ച് (Agent orange)' ഇതിനു ഉദാഹരണമാണ്.

പ്രയോഗരീതി. രണ്ടുതരത്തിലാണ് സാധാരണയായി രാസായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്നത്; കേന്ദ്രീകൃത ആക്രമണരീതിയും രേഖീയ ആക്രമണരീതിയും. ബോംബുകള്‍, മൈനുകള്‍, ഗ്രനേഡുകള്‍ എന്നിവ ഉപയോഗിച്ച് നിശ്ചിത ഇടങ്ങളില്‍ നടത്തുന്ന ആക്രമണമാണ് കേന്ദ്രീകൃത ആക്രമണം. സ്ഫോടക വസ്തുവിന് ചുറ്റിലുമായാണ് ബോംബുകളില്‍ രാസായുധങ്ങള്‍ നിറയ്ക്കുന്നത്. വിമാനത്തിലോ ബോട്ടിലോ വാഹനത്തിലോ ഘടിപ്പിച്ചിട്ടുള്ള സ്പ്രേയറുകള്‍ വഴിയുള്ളതാണ് രേഖീയ ആക്രമണം (Line source attacks). കൂടുതല്‍ സ്ഥലം കുറഞ്ഞ സമയം കൊണ്ട് കീഴ്പ്പെടുത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ ഗുണം. എന്നാല്‍, ഇതിനായി വാഹനം അഥവാ വിമാനത്തെ വളരെപ്പതുക്കെ പറപ്പിക്കേണ്ടി വരുമെന്നതിനാല്‍ ശത്രുക്കളുടെ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

കൃഷിക്കെതിരെയുള്ള ജൈവ രാസായുധങ്ങള്‍. കാര്‍ഷികവിളകള്‍ ഉള്‍പ്പെടെയുള്ള സസ്യങ്ങളെ നശിപ്പിക്കുകയോ അവയുടെ വളര്‍ച്ചയെ തടയുകയോ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജൈവായുധങ്ങളാണിവ. സൈനികനടപടിയുടെ ഭാഗമായി ആദ്യമായി 2,4,5 - T രാസായുധമെന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടത് മലയന്‍ കലാപകാരികള്‍ക്കെതിരെയായിരുന്നു. പതിനാലുവര്‍ഷം നീണ്ട ഒളിപ്പോര്‍ യുദ്ധത്തിന് വിരാമമിടാന്‍ കഴിഞ്ഞത് മരങ്ങളുടെ ഇലകള്‍ മുഴുവന്‍ പൊഴിച്ചു കളയാന്‍ പര്യാപ്തമാവുന്ന തരത്തില്‍ 2,4,5 - T പ്രയോഗിച്ചതിലൂടെയായിരുന്നു. ഇതിലൂടെ വിപ്ലവകാരികളുടെ ഭക്ഷണലഭ്യത തകര്‍ക്കാനായി. അവിടെയുളള കൃഷിപ്പാടങ്ങള്‍ മുഴുവന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുളള ജൈവായുധ പ്രയോഗത്തിലൂടെ നശിപ്പിക്കപ്പെട്ടു. ഈ മാതൃകയാണ് പിന്നീട് അമേരിക്ക വിയറ്റ്നാമിലെ ആക്രമണങ്ങളില്‍ നടപ്പിലാക്കിയത്.

വിയറ്റ്നാമിലെ കൃഷിയിടങ്ങളില്‍ യു . എസ് സൈന്യം എജന്റ് ഏജന്റ് ഓറഞ്ച് വഷിക്കുന്നു

ഹിരോഷിമയിലെയും നാഗസാക്കിയിലെയും പോലെ ചരിത്രത്തിലെ അമേരിക്കന്‍ ക്രൂരതകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് വിയറ്റ്നാമിനെതിരെ ജൈവായുധങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണം. ഇത്രയധികം മാരകമായ അളവില്‍ ജൈവായുധങ്ങള്‍ പ്രയോഗിക്കപ്പെട്ട മറ്റൊരു സംഭവം ചരിത്രത്തില്‍ വേറെയില്ല. 'പ്രോജക്ട് എജൈല്‍' (Project Agile) എന്ന പേരില്‍ അമേരിക്കയുടെ സൈനിക ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ കൃഷിനാശകജൈവായുധങ്ങളാണ് വിയറ്റ്നാമില്‍ ഉപയോഗിക്കപ്പെട്ടത്. 1961 ഡിസംബര്‍ മുതല്‍ 1962 ഒക്ടോബര്‍ വരെ നീണ്ടുനിന്ന ഇതിലൂടെ, തെക്കന്‍ വിയറ്റ്നാമിലെ 17,000 ചതുരശ്രകിലോമീറ്റര്‍ കൃഷിയിടങ്ങളെയും വനഭൂമിയെയും 'വെളുപ്പിച്ചെടുക്കാന്‍' അമേരിക്കയ്ക്ക് കഴിഞ്ഞു. കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെ വിയറ്റ്നാമിലെ ജൈവവൈവിധ്യത്തിന്റെ ഭൂരിഭാഗവും അനവധി പ്രകൃതി വിഭവങ്ങളും ഇതിലൂടെ നശിച്ചു. 'ഏജന്റ് ഓറഞ്ച്' ആണ് ഇവയില്‍ ഏറ്റവും കുപ്രസിദ്ധമായതെങ്കിലും 'ഏജന്റ് ബ്ളൂ', 'ഏജന്റ് പര്‍പ്പിള്‍', 'എജന്റ് വൈറ്റ്' എന്നീ പേരുകളിലറിയപ്പെട്ട ജൈവായുധങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അമേരിക്കയില്‍ നിന്നും കയറ്റുമതിചെയ്യുമ്പോള്‍, തിരിച്ചറിയാനായി ഈ രാസായുധങ്ങള്‍ നിറച്ച വീപ്പയുടെ വശങ്ങളില്‍ തേച്ചിരുന്ന ചായങ്ങളില്‍ നിന്നാണ് ഈ പേരുകളുണ്ടായത്.

രക്ഷാമാര്‍ഗം. രാസയുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നു രക്ഷപ്പെടുന്നതെങ്ങനെയെന്നതും കെമിക്കല്‍ വാര്‍ഫെയറിന്റെ ഭാഗമാണ്. ഗ്യാസ് മാസ്കുകള്‍ (വാതക മുഖംമൂടികള്‍) ഉപയോഗിച്ചു വിഷവസ്തുക്കളില്‍ നിന്ന് കണ്ണുകളെയും ശ്വാസനാളത്തെയും രക്ഷിക്കുകയെന്നതാണ് ഒരു മാര്‍ഗം. രാസപരമായി ഭദ്രമാക്കപ്പെട്ട പല തരത്തിലുള്ള ഗ്യാസ് മാസ്കുകള്‍ ഇന്നു ലഭ്യമാണ്. ത്വക്കിനെ മറയ്ക്കുന്ന തരത്തില്‍ രാസവസ്തുക്കള്‍ കടന്നുകയറാത്ത തുണികൊണ്ടു നിര്‍മിക്കപ്പെട്ട വസ്ത്രങ്ങള്‍ മറ്റൊരു പ്രതിരോധമാര്‍ഗമാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത ഷെല്‍ട്ടറുകളും ആക്രമണസൂചനാ സംവിധാനങ്ങളും ഇടയ്ക്കിടെ ക്രമീകരിക്കുന്നതും രക്ഷാമാര്‍ഗങ്ങളില്‍പ്പെടുന്നു. വിഷങ്ങളെ പ്രതിരോധിക്കുന്ന പ്രതിവിഷങ്ങള്‍ ശരീരത്തില്‍ കടത്തുകയെന്നതാണു മറ്റൊരു തരം പ്രതിരോധം. ചിലതരം കുഴമ്പുകള്‍ ശരീരത്തില്‍ പുരട്ടുകയോ തുണികളില്‍ പ്രത്യേകതരം പൗഡറുകള്‍ വിതറുകയോ ചെയ്യാം. വൈദ്യസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ രീതി. ആകസ്മികമായുണ്ടാകുന്ന രാസയുദ്ധങ്ങളില്‍ ഇത്തരം പ്രതിരോധ നടപടികള്‍ പലപ്പോഴും സ്വീകരിക്കാന്‍ കഴിയാറില്ല; പ്രത്യേകിച്ച് സിവിലിയന്മാരായ ആളുകള്‍ക്ക്. രാസയുദ്ധത്തിന്റെ അനുകൂലവശവും ഇതുതന്നെ.

രാസയുദ്ധത്തിനെതിരായ ശ്രമങ്ങള്‍. 1899-ല്‍ ഹേഗ് കണ്‍വന്‍ഷന്‍ സ്വീകരിച്ച തീരുമാനമാണ് രാസയുദ്ധ നിരോധനകാര്യത്തില്‍ ആദ്യത്തേത്. ഹേഗ് കണ്‍വന്‍ഷന്റെ തീരുമാനത്തെ അക്കാലത്ത് ആരും ഗൗരവമായി കണ്ടില്ല. എന്നാല്‍ ഒന്നാംലോക യുദ്ധത്തില്‍ രാസയുദ്ധത്തിന്റെ തീക്ഷ്ണത മനസ്സിലാക്കിയതോടെയാണ് ഇത്തരം യുദ്ധങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നുള്ള ചിന്ത ലോകരാഷ്ട്രങ്ങളില്‍ കണ്ടുതുടങ്ങിയത്. റോമന്‍ ജൂറിമാര്‍ പല നൂറ്റാണ്ടുകള്‍ക്കു മുമ്പു പറഞ്ഞ 'യുദ്ധം ആയുധം കൊണ്ടാണ്, വിഷം കൊണ്ടല്ല നടത്തേണ്ടത്' എന്ന ആശയം ഗൗരവമായി സ്വീകരിക്കേണ്ടതാണെന്ന കാര്യം വൈകി മാത്രമേ പല രാജ്യങ്ങള്‍ക്കും മനസ്സിലായുള്ളൂ. അങ്ങനെയാണ് 1922-ല്‍ വാഷിങ്ടണ്‍ ഉടമ്പടിയും 1925-ല്‍ ജനീവ പ്രോട്ടോക്കോളും ഉണ്ടായത്. മനുഷ്യനും ജീവജാലങ്ങള്‍ക്കും ദോഷം ചെയ്യുന്ന വിഷങ്ങള്‍ യുദ്ധത്തില്‍ ഉപയോഗിക്കരുതെന്നു പ്രഖ്യാപനം ചെയ്ത ഈ സമ്മേളനത്തില്‍ 44 രാഷ്ട്രങ്ങള്‍ പങ്കെടുത്തു. 1969 ആയപ്പോഴേക്കും ഈ തീരുമാനത്തോട് 80 രാജ്യങ്ങള്‍ അനുകൂലിച്ചു.

രാസായുധ പ്രയോഗത്തില്‍ നിന്നും രക്ഷനേടാന്‍ മാസ്ക് ഉപയോഗിക്കുന്നു

രാസായുധങ്ങളുടെ നിര്‍മാണം, സംഭരണം, ഉപയോഗം എന്നിവ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് 1993-ല്‍ നിലവില്‍ വന്ന മറ്റൊരു ഉടമ്പടിയാണ് കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍. ഹേഗ് ആസ്ഥാനമായുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ് പ്രൊഹിബിഷന്‍ ഒഫ് കെമിക്കല്‍ വെപ്പണ്‍സ് എന്ന സ്വതന്ത്ര സംഘടനയാണ് ഈ ഉടമ്പടിയുടെ രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1925-ലെ ജനീവ പ്രോട്ടോക്കോളിനെ സഹായിക്കുന്ന തരത്തിലുള്ള ഈ ഉടമ്പടി ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെയാണ് നിലവില്‍ വന്നത്. 2013-ലെ കണക്കനുസരിച്ച് 189 രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്.

രാസായുധങ്ങളുടെ നിര്‍മാണം നിരോധിക്കുക, രാസായുധനിര്‍മാണ ശാലകളും സംവിധാനങ്ങളും നശിപ്പിക്കുക, നിര്‍മിക്കപ്പെട്ടിട്ടുള്ള രാസായുധങ്ങള്‍ നശിപ്പിക്കുക, രാസായുധനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക തുടങ്ങിയവയാണ് ഈ ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍.

കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ നേരിട്ട് രാസായുധങ്ങളായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതും, രാസായുധങ്ങളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കപ്പെടുന്നതുമായ രാസവസ്തുക്കളെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. നേരിട്ട് രാസായുധങ്ങളായി ഉപയോഗിക്കപ്പെടുന്ന നെര്‍വ് ഏജന്റ്, മസ്റ്റാര്‍ഡ് ഏജന്റ് എന്നിവയാണ് ഷെഡ്യൂള്‍ 1-ല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാസായുധങ്ങളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നതും, എന്നാല്‍ മറ്റു പല നിര്‍ദോഷവസ്തുക്കളുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ രാസവസ്തുക്കളാണ് ഷെഡ്യൂള്‍ 2-ലുള്ളത്. മറ്റു പല വസ്തുക്കളുടെയും നിര്‍മാണത്തില്‍ വളരെ വ്യാപകമായി വന്‍തോതില്‍ ഉപയോഗിക്കുന്നതും രാസായുധങ്ങളുടെ നിര്‍മാണത്തില്‍ ഒരു ചെറിയ അളവ് മാത്രം ഉപയോഗിക്കപ്പെടുന്നതുമായ വസ്തുക്കളാണ് മൂന്നാം വിഭാഗത്തില്‍പ്പെടുന്നത്.

2012-ലെ കണക്കനുസരിച്ച് ഷെഡ്യൂള്‍ 1-ല്‍ ഉള്‍പ്പെടുന്ന 71 ശ.മാ. രാസായുധങ്ങളും ഷെഡ്യൂള്‍ 2-ലെ 52 ശ.മാ. രാസായുധങ്ങളും ഷെഡ്യൂള്‍ 3-ലെ എല്ലാ രാസവസ്തുക്കളും ഈ ഉടമ്പടിപ്രകാരം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും എല്ലാ ലോകരാജ്യങ്ങളും ഈ ഉടമ്പടിയില്‍ അംഗമാകാത്തതും നിര്‍മിക്കപ്പെട്ട രാസായുധങ്ങളുടെ നശീകരണം പൂര്‍ണമായ തോതില്‍ നടപ്പാക്കാത്തതും രാസായുധ ഭീഷണി ഇപ്പോഴും ഉയര്‍ത്തുന്നുണ്ട്.

(ചുനക്കര ഗോപാലകൃഷ്ണന്‍; എന്‍.എസ്. അരുണ്‍കുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍